കോൺഗ്രസിൽ തലമുറ മാറ്റം വേണം; അതിനായി മാറിത്തരാൻ തയ്യാര്‍: കെ മുരളീധരന്‍

single-img
21 May 2021

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരെന്ന് തെരഞ്ഞെടുക്കപ്പെട്ട എം എൽഎമാർ അഭിപ്രായം പറയുമെന്നും സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭാ തെരഞ്ഞെടുപ്പ്തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്.

ഹൈക്കമാന്‍ഡ് പാര്‍ട്ടിയെ നന്നായി നയിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാൻ ഇവിടെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയുടെ ഉള്ളിലെ സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ലെന്നും തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട് എന്നും മുരളീധരന്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്നും അതിനായി താൻ മാറിത്തരാൻ തയ്യാറാണെന്നും മുരളീധരന്‍ അറിയിച്ചു.

പാര്‍ട്ടിയില്‍ ഇപ്പോഴുള്ള ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. കോൺഗ്രസ് തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാജയമായി തന്നെ കാണുന്നു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.അതിന് വികാരമല്ല വിവേകമാണ് വേണ്ടത്. വരുന്ന 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു.