തമിഴ്നാട്ടില്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ ഇന്നു മുതല്‍ നല്‍കും; ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും മുന്‍ഗണന

single-img
20 May 2021

തമിഴ്നാട്ടില്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍ നല്‍കിത്തുടങ്ങും. മെയ് 1 ന് ആരംഭിക്കേണ്ടിയിരുന്ന വാക്സിനേഷന്‍ വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്ന് ആരോഗ്യമന്ത്രി എം സുബ്രമണ്യം അറിയിച്ചു. തമിഴ്നാടിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 78 ലക്ഷം ഡോസ് കൊവിഡ് വാക്സിനുകളില്‍ 69 ലക്ഷം ഡോസുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. മെയ് ആദ്യവാരത്തില്‍ തുടങ്ങേണ്ടിയിരുന്ന വാക്സിനേഷനാണ് ക്ഷാമത്തെ തുടര്‍ന്ന് നീട്ടിവച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം തമിഴ്നാട് ആവശ്യപ്പെട്ട 1.5 കോടി ഡോസ് കൊവിഡ് വാക്സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്നും നാളെയുമായി വിലയിരുത്തും. തമിഴ്നാട്ടില്‍ ബുധനാഴ്ച 34,875 കൊവിഡ് കേസുകളും 365 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 16,99,225 ആയി.