ഗുജറാത്തിന് 1000 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
20 May 2021

ടൗട്ടെ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ചുഴലിക്കാറ്റില്‍ 45 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശക്തമായ മഴയില്‍ രാജസ്ഥാനില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട പി 305 ബാര്‍ജില്‍ ഉണ്ടായിരുന്ന 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നാവിക സേന അറിയിച്ചു. ബാര്‍ജില്‍ ഉണ്ടായായിരുന്ന 60ല്‍ ഏറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.ഇവര്‍ക്ക് വേണ്ടി നാവിക സേനയുടെ കപ്പലുകള്‍ തെരച്ചില്‍ തുടരുകയാണ്. ബാര്‍ജിലുണ്ടായിരുന്ന 188 പേരെ നാവിക സേന രക്ഷിച്ചു കരയില്‍ എത്തിച്ചു. ടൗട്ടേ ദുര്‍ബലമായെങ്കിലും ഒരു ദിവസം കൂടി അതിന്റെ പ്രഭാവം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന ഇനി സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.