ജനങ്ങൾക്ക് വേണ്ടിയാകും സർക്കാർ പ്രവർത്തിക്കുക: മുഖ്യമന്ത്രി

single-img
20 May 2021

കേരളത്തിൽ ഇടതുമുന്നണിക്ക് ലഭിച്ച തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ദീർഘദൃഷ്ടിയോടെയുള്ള സര്‍ക്കാര്‍ പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകും. അവസാന അഞ്ച് വർഷം കേരളത്തിന്റെ വികസനത്തിൽ വന്‍ കുതിപ്പുണ്ടാക്കി. മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്താനായി. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കും. ജനങ്ങൾക്ക് വേണ്ടിയാകും സർക്കാർ പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ഓരോ വിളയുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ലക്ഷ്യം നിശ്ചയിക്കും സഹകരണ മേഖലയുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീര്‍ത്തട പദ്ധതി എന്നിവ ആശൂത്രണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും.

മഴവെള്ളം കടലിലേക്ക് ഒഴുക്കി കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കും. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷിഭവനുകൾ സ്മാർട്ടാകും. ഭക്ഷ്യസംസ്കരണ വ്യവസായ സാധ്യതകൾ ഉപയോഗപ്പെടുത്തും. ഇരുപത്തഞ്ച് വർഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിന് സമാനമയി മാറ്റും. ആരോഗ്യ വിദ്യാഭ്യാസ പാർപ്പിട മേഖലകളെ ശക്തിപ്പെടുത്തും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകും. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ഇരുപത് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കും. സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ സംവിധാനമുണ്ടാകും.