സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരുക്കിയത് 240 കസേരകള്‍ മാത്രം; ഹൈക്കോടതി നിര്‍ദേശം അംഗീകരിച്ച് ചടങ്ങ് നടത്തി

single-img
20 May 2021

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലേയ്ക്കുള്ള സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയത് 240 കസേരകള്‍. എതിര്‍പ്പുകളെ തുടര്‍ന്നാണ് 500 കസേരകള്‍ എന്നത് ചുരുക്കി പകുതിയാക്കിയത്. ഹൈക്കോടതിയും കസേരകള്‍ കുറയ്ക്കുന്നത് പരിഗണിയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് നല്‍കിയത്. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍, പി ആര്‍ഡി ഡയറക്ടര്‍ ഹരികിഷോര്‍, ഡിജിപിമാരായ ലോക് നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി നല്‍കിയത്.

കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിന് സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. 13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാര്‍ അറിയിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി എംപി കാകോലി ഘോഷ് ദസ്തിദര്‍ പങ്കെടുത്തു. തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശ് എത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയേറ്റിന് അവധിയാണ്. സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്യേണ്ടതിനാലാണ് അവധി.