ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരണം സാധിച്ചില്ല: എം വി ജയരാജൻ

single-img
20 May 2021

കേരളത്തില്‍ ഇടതുമുന്നണി സർക്കാറിന്റെ രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചതാണെന്നും മന്ത്രിമാരുടെ സത്യപ്രതിജ്ഞ അതുകൊണ്ട് തന്നെ ഒരു ചരിത്രനിമിഷമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അതേസമയം ബഹിഷ്‌കരണമെന്ന പ്രതിപക്ഷത്തിന്റെ പതിവ് കലാപരിപാടി ഈ സമയത്തുമുണ്ടായെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരണം അവർക്ക് ആഹ്വാനം ചെയ്യാൻ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കിൽ അവരും ഒക്കച്ചങ്ങായിമാരായേനെ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ സൗകര്യങ്ങൾ കോടതി അംഗീകരിച്ചു എന്നും അദ്ദേഹം എഴുതി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ചരിത്രവിജയം, ചരിത്രനിമിഷം

എൽഡിഎഫ് സർക്കാറിന്റെ രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചതാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ അതുകൊണ്ട് തന്നെ ഒരു ചരിത്രനിമിഷമാണ്. ചരിത്രവിജയവും ചരിത്രനിമിഷവും. ഇതായിരിക്കും കേരളം അടയാളപ്പെടുത്താൻ പോകുന്നത്. ബഹിഷ്‌കരണമെന്ന പ്രതിപക്ഷത്തിന്റെ പതിവ് കലാപരിപാടി ഈ സമയത്തുമുണ്ടായി.

ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ടില്ലാത്തതിനാൽ ബഹിഷ്‌കരണം അവർക്ക് ആഹ്വാനം ചെയ്യാൻ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കിൽ അവരും ഒക്കച്ചങ്ങായിമാരായേനെ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ സൗകര്യങ്ങൾ കോടതി അംഗീകരിച്ചു. ദൃശ്യമാധ്യമങ്ങളിൽ കൂടി രണ്ട് മണി മുതൽ ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ജനമനസ്സുകളിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. എല്ലാ രാഷ്ട്രീയത്തിലുംപെട്ടവർ സ്വന്തം വീടുകളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഈ ചരിത്രനിമിഷത്തിൽ പങ്കാളികളാകുന്നു.

കണ്ണൂർ ജില്ലയിലെ വീടുകളിൽ നിന്നുള്ള ആഹ്ലാദം പങ്കിടാൻ ധീരരക്തസാക്ഷി അഴീക്കോടൻ രാഘവന്റെ പ്രിയ പത്‌നി മീനാക്ഷി ടീച്ചറുടെ വീട്ടിലായിരുന്നു കെ.പി. സഹദേവനും എം. പ്രകാശൻ മാസ്റ്റരോടുമൊപ്പം ഞാനും ഉണ്ടായിരുന്നത്. മീനാക്ഷി ടീച്ചർ ഈ ചരിത്രനിമിഷത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എന്നെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ദീർഘദൂര യാത്ര പ്രയാസകരമായതിനാൽ ക്ഷണക്കത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പങ്കെടുക്കാൻ കഴിയാത്തതിൽ പ്രയാസം അറിയിച്ചുകൊണ്ട് ഞാൻ മറുപടി നൽകിയിരുന്നു.

ഞങ്ങളുടെയൊക്കെ മനസ്സിലാണ് പിണറായി വിജയൻ സർക്കാറിനുള്ള സ്ഥാനം. ഞങ്ങളെ മറക്കാത്ത സർക്കാറിനെ ഞങ്ങൾക്കൊരിക്കലും മറക്കാൻ കഴിയില്ല. പിണറായിയിലെ നാട്ടുകാർ മധുരം നൽകി ഈ ചരിത്രനിമിഷത്തിൽ ആഹ്ലാദം പങ്കിടുന്നത് പിണറായി കൺവെൻഷൻ സെന്ററിലാണ്. അവരുടെ സന്തോഷത്തിലും പങ്കുകൊള്ളാൻ അവസരം കിട്ടി. അവരെല്ലൊം ഒരേ വികാരത്തിലാണ്. ഇ.കെ. നായനാരുടെ പ്രിയപത്‌നി ശാരദടീച്ചറും ചടയൻ ഗോവിന്ദന്റെ പ്രിയപത്‌നി ദേവകിയേടത്തിയും, ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി സഖാവ് ജനാർദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണക്കത്ത് ലഭിച്ചവരായിരുന്നു.

പങ്കെടുക്കാൻ പറ്റാത്ത വിഷമവും ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ച് അവരെല്ലാം മുഖ്യമന്ത്രിക്ക് മറുപടി അയക്കുകയുണ്ടായി. മീനാക്ഷി ടീച്ചർ പറഞ്ഞതുപോലെ സന്തോഷവും സ്‌നേഹവും കോവിഡ് കാലമായതിനാൽ വീടുകളിലാണ്. എൽഡിഎഫ് സർക്കാറിന്റെ രണ്ടാമൂഴത്തിൽ നാടാകെ അലതല്ലുന്ന ആഹ്ലാദത്തിലാണ്. അതെ, ചരിത്രവിജയം സമ്മാനിച്ച ജനങ്ങൾക്കാണ് ആഹ്ലാദം പങ്കിടാനും മധുരം നൽകാനും ഏറെ അവകാശം.
എം.വി. ജയരാജൻ