ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍

single-img
19 May 2021

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഈ ജില്ലകളില്‍ വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ വീടിനു പുറത്തിറങ്ങുന്നുള്ളൂ. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഈ ജില്ലകളില്‍ അനുമതി നല്‍കിയിരിക്കുന്നത്. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സഹകരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം പൊലീസുകാര്‍ ഇപ്പോള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വളന്റിയര്‍മാരായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് എന്ന കാര്യം ആലോചിക്കാന്‍ കഴിയൂ. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആര്‍ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരില്‍ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ചുള്ള കണക്കെടുത്താല്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്. എന്നാല്‍, ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.