കൊവിഡ് മുക്തമായി; പക്ഷേ കാരണം പറഞ്ഞാല്‍ കൊവിഡ് ഫാന്‍സിനെ വെറുപ്പിക്കുന്നത് പോലെയാകും; കങ്കണ റണാവത്ത്

single-img
19 May 2021
kangana ranaut twitter


ബോളിവുഡ് താരം കങ്കണ റണാവത്ത് കൊവിഡ് മുക്തയായി. താന്‍ എങ്ങനെയാണ് കൊവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പറയുന്നില്ലെന്നും കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ കൊവിഡ് നെഗറ്റീവായി. എങ്ങനെയാണ് ഞാന്‍ കൊവിഡിനെ തുരത്തിയതെന്ന് പറയണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷെ കൊവിഡ് ഫാന്‍സിനെ വെറുപ്പിക്കരുതെന്നാണ് എനിക്ക് കിട്ടിയ നിര്‍ദേശം. നമ്മള്‍ കൊവിഡിനോട് അനാദരവോടെ പെരുമാറിയാല്‍ ദേഷ്യം വരുന്നവരുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്നേഹത്തിനും നന്ദി’

കൊവിഡ് ബാധിച്ചതിന് പിന്നാലെ കൊവിഡിനെ നിസ്സാരവല്‍ക്കരിച്ചുളള കങ്കണയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തിരുന്നു. മെയ് 8നാണ് കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്- ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാനായി കൊവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വെറും ജലദോഷപ്പനിയാണ്. അനാവശ്യ ശ്രദ്ധ കൊടുത്തത് കൊണ്ടാണ് ജനങ്ങള്‍ പരിഭ്രാന്തരാവുന്നത്’. കൊവിഡ് ബാധിച്ച് പലരും ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ കങ്കണ കൊവിഡിനെ വെറും പനിയെന്ന് വിശേഷിപ്പിച്ചത് വിമര്‍ശനത്തിനിടയാക്കി.