ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

single-img
18 May 2021

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചു. സംസ്ഥാനത്താകെ കനത്ത നാശനഷ്ടം. പോര്‍ബന്ധറിന് സമീപം, മണിക്കൂറില്‍ 200 കിലോമീറ്റര്‍ തീവ്രതയില്‍ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയില്‍ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളില്‍ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനം രാത്രി 10 മണിയോടെ പുനരാരംഭിച്ചു.

മുംബൈ തീരത്ത് 2 ബാര്‍ജുകളിലായി കുടുങ്ങിക്കിടക്കുന്ന 410 പേരില്‍, 60 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമന്‍ ദിയു ലഫ്റ്റനന്റ് ഗവര്‍ണറുമായും ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.