കോവിഡ് വ്യാപനം; എറണാകുളത്തെ 23 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

single-img
18 May 2021

എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. പൊലീസ് പരിശോധന ഈ പഞ്ചായത്തുകളില്‍ ശക്തമാക്കി. ആംബുലന്‍സുകളുടെ സേവനം പഞ്ചായത്തുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം നിലവിലുള്ളതിനേക്കാള്‍ ശക്തിപ്പെടുത്താനും താലൂക്ക് തലത്തിലുള്ള ഐആര്‍എസിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കാനും നിര്‍ദ്ദേശം നല്‍കി.

ചൂര്‍ണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂര്‍, കീഴ്മാട്, ഒക്കല്‍, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂര്‍, കോട്ടപ്പടി, എടത്തല, ഞാറക്കല്‍, കുട്ടമ്പുഴ, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചത്. അതേ സമയം കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുകയാണ്. ലോക്ക്ഡൗണ്‍ ഫലം കണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.