ടൗട്ടെ ചുഴലിക്കാറ്റ്; നാളെ രാത്രി വരെ കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

single-img
17 May 2021

നാളെ രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ പറയുന്നത് പ്രകാരം അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ടൗട്ടേ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അയിച്ചത്. 17 ജില്ലകളിലായി, സൗരാഷ്ട്ര, കച്ച് തീരദേശങ്ങളില്‍ നിന്നാകമാനം പരമാവധി ആളുകളെ ഒഴിപ്പിച്ചു എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ടൗട്ടേ ഗുജറാത്തിലെത്തുമെന്നാണ് അനുമാനം.

ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയില്‍ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാല്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര വേഗത വര്‍ധിച്ചതാണ് നേരത്തെ എത്താന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഉള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. മഹാരാഷ്ട്രയിലെ കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.