മഴക്കാലം മുന്നില്‍ക്കണ്ട് സുരക്ഷയൊരുക്കാം; പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

single-img
16 May 2021
kk shailaja covid 19

ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം.

കോവിഡ് പോസിറ്റീവായി ആള്‍ക്കാര്‍ കഴിയുന്ന വിവിധ കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. ഈ സമയത്ത് മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ചവ്യാധികളേയും നേരിടുന്നതതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ വളരെ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അതോടൊപ്പം നിരവധി പകര്‍ച്ചവ്യാധികളെ തടയാനും പദ്ധതികളിട്ടിട്ടുണ്ട്. 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ആരംഭിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടം നാം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യമാണ് നമ്മളിപ്പോള്‍ ഉയര്‍ത്തുന്നത്. എല്ലാ വര്‍ഷവും അതതു വര്‍ഷത്തെ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ചാര്‍ട്ട് ചെയ്ത് കൃത്യമായി സമയബന്ധിതമായി ഓരോ ദിവസവും ചെയ്യേണ്ട നിശ്ചയിച്ച് മുന്നോട്ട് പോയിട്ടുണ്ട്. അതിന് നല്ല ഫലവും ലഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനും സാധിച്ചിട്ടുണ്ട്- കെകെ ഷൈലജ പറഞ്ഞു.