ടൗട്ടെ ചുഴലിക്കാറ്റ് ; കേരളത്തില്‍ ഇതുവരെ തുറന്നത് 56 ക്യാംപുകള്‍

single-img
15 May 2021

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ ഇതുവരെ 56 ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകള്‍ക്കായി 3071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1405 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു. എറണാകുളത്ത് 15 ക്യാമ്പുകളും , തിരുവനന്തപുരത്ത് 14 ക്യാമ്പുകളും ആണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എറണാകുളത്ത് റെഡ് അലേര്‍ട്ടും, തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് . ലക്ഷദ്വീപിലും റെഡ് അലേര്‍ട്ടുണ്ട് . മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശത്തും മലയോരത്തും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് പെയ്യുന്നത്. മേഖലയില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. നിരവധി ബോട്ടുകള്‍ തകര്‍ന്നു. വീടുകളില്‍ വെള്ളം കയറി.