സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റില്ല, മന്ത്രിമാര്‍ ആരൊക്കെയെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടില്ല; തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി

single-img
15 May 2021

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരമടക്കം നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നത്തെ കാലത്തിന്റെ പ്രത്യേകത അനുസരിച്ച് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് പിണറായി വ്യക്തമാക്കി. അത് ആ നിലയ്ക്ക് തന്നെ നടത്തും, വളരെ കുറച്ച് ആളുകളെ ഉണ്ടാകു. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്.