കോവിഡ് പ്രതിരോധം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തമിഴ് സിനിമാ താരങ്ങള്‍

single-img
14 May 2021

കോവിഡ് വ്യാപനം തമിഴ്‌നാട്ടിൽ രൂക്ഷമാകവേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് തമിഴ് സിനിമാ താരങ്ങള്‍. നിരവധി താരങ്ങളാണ് തങ്ങളാല്‍ കഴിയുന്ന സഹായവുമായി എത്തിയത്. സൂപ്പർ താരങ്ങളും സഹോദരന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്.

സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും പിന്തുണ വേണമെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

സംസ്ഥാനത്തെ ആശുപത്രികളുടെ വികസനത്തിനായാണ് ഈ പണം ഉപയോ​ഗിക്കുകയെന്നും സ്റ്റാലിന്‍‌ വ്യക്തമാക്കി. 25 ലക്ഷം രൂപയാണ് നടന്‍ അജിത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. നടന്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഭര്‍തൃപിതാവ് വണങ്കാമുടിയും സ്റ്റാലിനെ സന്ദര്‍ശിച്ച്‌ ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ എ ആര്‍ മുരു​ഗദോസും ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു.