കേരളത്തില്‍ അതിതീവ്രമഴ പെയ്യും, പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
14 May 2021

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കനത്ത മഴ ഉണ്ടായേക്കും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്‍ദമായിമാറും. ഇത് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കും. ഇന്നും നാളെയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണുള്ളത്. കേരള തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ടീമുകള്‍ കൂടി ഇന്നെത്തും.

അതേ സമയം പലയിടങ്ങളിലും രാവിലെ മുതല്‍ കനത്ത മഴയാണ്. കുട്ടനാട് പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറി. എറണാകുളത്തും രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.