രണ്ടാം പിണറായി സർക്കാർ: സി പി ഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും

single-img
14 May 2021

രണ്ടാം പിണറായി സർക്കാരിൽ മുഖ്യ ഘടക കക്ഷിയായ സി പി ഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നൽകാൻ ധാരണ. അതേസമയം നിലവിൽ കൈവശമുള്ള ചീഫ് വിപ്പ് സ്ഥാനം സി പി ഐ വിട്ട് നല്‍കും. സിപിഎമ്മുമായി സിപിഐ ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.

മന്ത്രിസഭയിലെ 21 അംഗങ്ങളിൽ സി പി ഐ യിൽ നിന്ന്നാലു മന്ത്രിമാരും സി പി എമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും ഉണ്ടാകും. ഇതോടൊപ്പം സ്പീക്കർ സി പിഎമ്മും ഡെപ്യൂട്ടി സ്പീക്കർ സി പി ഐയും തന്നെ വഹിക്കും.

ഈ മാസം 17 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി നടക്കുന്ന സി പി എം-സി പി ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമാകും. മുന്നണിയിലെ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം സംബന്ധിച്ച നിർദേശവും ഇന്നത്തെ കുടിക്കാഴ്ചയിൽ സി പി ഐ യെ സി പി എം അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തിന്റെ കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നൽകാനാണ് സാധ്യത. ഇതോടൊപ്പം എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാർ. ഒറ്റ സീറ്റുള്ള പാർട്ടികളിൽ കേരളാ കോൺഗ്രസ് ബിക്ക് മന്ത്രി സ്ഥാനം ഉണ്ടായേക്കും. എന്നാൽ കോൺഗ്രസ് എസിന് മന്ത്രി സ്ഥാനം നൽകില്ല. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം നൽകി രണ്ടു പാർട്ടികൾക്കും പ്രാതിനിധ്യം നൽകാനാണ് ആലോചന.

മെയ് 20 ന് വൈകിട്ട് 3.30ന് നടക്കുന്ന സത്യ പ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.വൈറസ് വ്യാപന സാഹചര്യത്തിൽ സാമൂഹ്യ അകലം ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 800 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പന്തലാണ് ഒരുക്കുന്നത്