കേരളത്തിലെ ലോക്ക്ഡൗണ്‍ ആറാംദിവസം; നിയന്ത്രണങ്ങള്‍ ശക്തം, ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

single-img
13 May 2021

കേരളത്തിലെ ലോക്ക്ഡൗണ്‍ ഇന്ന് ആറാംദിവസത്തിലേക്ക് എത്തുമ്പോള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയാത്തത് ആശങ്കയാകുന്നു. രണ്ട് ദിവസത്തിനകം കേസുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ലോക്ക്ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ ഇതനുസരിച്ചാകും തീരുമാനമെടുക്കുക.

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. ജില്ലയില്‍ കൊച്ചി നഗരസഭാ പരിധിയിലാണ് കൂടുതല്‍ രോഗികളുള്ളത്. മലപ്പുറത്തും തിരുവനന്തപുരത്തും സ്ഥിതി രൂക്ഷമാണ്. ജില്ലകളിലെ രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍.