മത്സ്യം ആവശ്യമാണോ? മെസേജയക്കൂ, മീന്‍ വീട്ടിലെത്തും; ഓണ്‍ലൈന്‍ ഡെലിവറി സൗകര്യം ഒരുക്കി മത്സ്യഫെഡ്

single-img
13 May 2021

ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ഇനി മീന്‍ വാങ്ങാന്‍ പുറത്തിറങ്ങേണ്ട. വാട്സാപ്പില്‍ ഒരു മെസേജ് ഇട്ടാല്‍ മത്സ്യഫെഡിന്റെ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും. വീടുകളിലേക്ക് മീന്‍ എത്തിക്കാനുള്ള ഓണ്‍ലൈന്‍ ഡെലിവറി സൗകര്യം ഒരുക്കി മത്സ്യഫെഡ്. ഫോണ്‍ വഴിയും ഓര്‍ഡര്‍ നല്‍കാം. മത്സ്യഫെഡ് യൂണിറ്റിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം ഡെലിവറി.

അഞ്ച് കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 20 രൂപയും 10 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 30 രൂപയുമാണ് ഡെലിവറി ചാര്‍ജ്. ന്യായ വിലയ്ക്ക് പച്ചമീന്‍ വീട്ടിലെത്തുമെന്നതാണ് പ്രത്യേകത. ലഭിക്കുന്ന മീനില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമാകും.ചന്തകളിലെ തിരക്ക് ഒഴിവാക്കാനും മത്സ്യഫെഡിന്റെ പുതിയ വിപണന രീതി സഹായകമാകും. ചീഫ് സെക്രട്ടറിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് പുതിയ പരിഷ്‌കാരങ്ങള്‍.

വിഴിഞ്ഞം മുതല്‍ കോഴിക്കോട് വരെയുള്ള ഹാര്‍ബറുകളില്‍നിന്ന് ഗുണനിലവാരമുള്ള മത്സ്യം ശക്തികുളങ്ങര ബേസ് സ്റ്റാളില്‍ സംഭരിച്ചാണ് വിതരണം. ഹാര്‍ബറുകളില്‍നിന്നുള്ള മത്സ്യത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തില്‍ ഉള്‍നാടന്‍ മത്സ്യവും വിതരണം ചെയ്യും.