കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴ; 13 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

single-img
12 May 2021

കേരളത്തിൽ വരുന്ന ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മറ്റന്നാൾ തലസ്ഥാനമായ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. അതേസമയം, അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.

തെക്കു-കിഴക്കൻ അറബിക്കടലിൽ മറ്റന്നാളോടെ ന്യൂനമർദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് ക്രമേണ ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കും. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു.

ഞായറാഴ്ച 13 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 15ആം തിയതി ലക്ഷദ്വീപിൽ അതിതീവ്ര മഴയുണ്ടാകും. സമുദ്രം പ്രക്ഷുബ്ധമാകാൻ സാധ്യത ഉള്ളതിനാൽ നാളെ മുതൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി.