മോദിയുടെ സ്വയംപ്രഖ്യാപിത ഭക്തന്‍ അമിത് ജെയ്സ്വാള്‍ കോവിഡ് ബാധിച്ചു മരിച്ചു; പ്രധാനമന്ത്രിക്കെതിരെ കുടുംബം

single-img
12 May 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകന്‍ കൂടിയായ ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ അമിത് ജെയ്സ്വാള്‍ കോവിഡ് ബാധിച്ചു മരിച്ചു. മരണത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. പത്തുദിവസം മുൻപായിരുന്നു 42 കാരനായ അമിത് കോവിഡ് ബാധിച്ച് മരണപ്പെടുന്നത്.

പിന്നാലെ തന്നെ അമിതിന്‍റെ അമ്മയും വൈറസ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച അമിതിന് ആഗ്രയിലെ ആശുപത്രികളില്‍ കിടക്ക ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടിയെന്ന് സഹോദരി പറയുന്നു. ചികിത്സയ്ക്കായി പ്രധാനമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയില്‍ ജയ്സ്വാളിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്തു കൊണ്ട് സഹോദരി സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.

അദ്ദേഹത്തിന് റെംഡെസിവിര്‍ ഇഞ്ചക്ഷന്‍ ലഭിക്കാന്‍ സഹായവും തേടിയെങ്കിലും ഫലമുണ്ടായില്ലെന്ന് സഹോദരി സോനു അലാഗ് ആരോപിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ സ്വയംപ്രഖ്യാപിത ഭക്തനെന്നാണ് അമിതിനെ കുടുംബം പോലും വിളിക്കുന്നത്.അമിത്തിന്റെ വാട്ട്സാപ്പിലെ പ്രൊഫൈല്‍ ഫോട്ടോ വരെ മോദിയുടെതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്ന് ട്വിറ്റര്‍ ബയോയിലും അമിത് എഴുതിയിട്ടുണ്ട്. അതിനാലൊക്കെ തന്നെ പ്രധാനമന്ത്രിയും സംസ്ഥാന സര്‍ക്കാരും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അമിതും കുടുംബവും. പ്രധാനമന്ത്രിക്കും യോഗിക്കുമെതിരെ ഒരു വാക്കു പോലും അദ്ദേഹം പറയുമായിരുന്നില്ല. അഥവാ ആരെങ്കിലും അങ്ങിനെപറഞ്ഞാല്‍ അവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ..സോനു പറയുന്നു.