നാളെ എല്ലാവരും ജാഗ്രതയോടെ പെരുന്നാള്‍ ആഘോഷിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

single-img
12 May 2021

നാളെ എല്ലാവരും ജാഗ്രതയോടെ പെരുന്നാള്‍ ആഘോഷിക്കണമെന്ന് ഇസ്ലാം മതവിശ്വാസികളോട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കൂട്ടംകൂടി കൊവിഡ് വ്യാപനം ഉണ്ടാക്കുന്ന ആഘോഷങ്ങള്‍ പാടില്ല. മഹാമാരിക്കാലത്ത് കടുത്ത നിയന്ത്രണം വേണമെന്ന പ്രവാചക വചനം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. അനുവദനീയമായ രീതിയില്‍ പെരുന്നാള്‍ ആഘോഷിക്കണം. കുടുംബങ്ങള്‍ പരസ്പരം അങ്ങുമിങ്ങും പോകുകയും ഒരുമിച്ച് കൂടുകയും ചെയ്യുന്നത് പാടില്ല.

ആരോഗ്യ വകുപ്പ് നിര്‍ദേശം രക്ഷയ്ക്കു വേണ്ടിയുള്ളതാണ്. വീടുകളില്‍ നമസ്‌കരിക്കണം. പള്ളികളില്‍ പെരുന്നാളിന് 50ല്‍ അധികം ആളുകളില്ലാതെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റംസാന്‍ 30 പൂര്‍ത്തിയാക്കി നാളെ ചെറിയ പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കാനൊരുങ്ങുകയാണ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‌കാരം വീട്ടില്‍ വച്ച് നിര്‍വഹിക്കണം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കി.