അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
12 May 2021

വെള്ളിയാഴ്ചയോടെ തെക്ക-് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വെള്ളി, ശനി ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. ഞായാറഴ്ചയോടെ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്നും പ്രവചനം. മ്യാന്മര്‍ നല്‍കിയ ‘തൗ തേ’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കാറ്റിന് മണിക്കൂറില്‍ പരമാവധി 80 കിമി വരെ വേഗതയുണ്ടാകും. കേരളം ന്യൂനമര്‍ദത്തിന്റെ സഞ്ചാര പഥത്തില്‍ ഇല്ലെങ്കിലും ഇതിന്റെ സ്വാധീനം സംസ്ഥാനത്തുണ്ടാകും.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കിയിലും നാളെ തിരുവനന്തപുരത്തും യെല്ലോ മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ചയോടെ കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. നാളെ പുലര്‍ച്ചെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. നിലവില്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്ന് നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.