കേരളത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം തേതൃത്വമാണ്; ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കി താരിഖ് അന്‍വര്‍

single-img
12 May 2021

സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയ്ക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അന്‍വര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തെ പൂര്‍ണമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സമര്‍പ്പിച്ചത്.

‘സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തെരെഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായതെന്നാണ് ഈ റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട കണ്ടെത്തല്‍. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ അനൈക്യം പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണമായത്. താഴെത്തട്ടില്‍ ഇടതുപക്ഷത്തെ നേരിടാന്‍ കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ല. സംഘടനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാല്‍ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും ഇതില്‍ അലംഭാവം കാണിച്ചു’, താരിഖ് അന്‍വര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്തത്തെ വിമര്‍ശിച്ചു.

വസ്തുതാ അന്വേഷണ സമിതി റിപ്പോര്‍ട്ടിന് ശേഷം കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി ഉണ്ടായേക്കും. എന്നാല്‍ ഇത് ഉടന്‍ ഉണ്ടായേക്കില്ല. ചൊവ്വാഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ വസ്തുതാന്വേഷണ സമിതിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് അന്തിമ രൂപം നല്‍കിയത്. അശോക് ചവാന്‍ അധ്യക്ഷനായ അഞ്ച് അംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വസ്തുതാ അന്വേഷണ സംഘത്തോട് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അശോക് ചവാന് പുറമെ മനീഷ് തിവാരി, ജ്യോതി മണി, വിന്‍സെന്റ് എച്ച്. പാല, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് ഈ സംഘത്തിലുള്ളത്. ജ്യോതിമണിയായിരിക്കും കേരളത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.