എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

single-img
11 May 2021

എഴുത്തുകാരനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഒന്‍പതു നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഹസീന, ജസീന.

1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകള്‍, മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍.