രണ്ടാം ലോകമഹായുദ്ധ കാലത്ത് നിര്‍മ്മിക്കപ്പെട്ട ബോംബ് പോളണ്ടില്‍ പൊട്ടിത്തെറിച്ചു; വീഡിയോ വൈറല്‍

single-img
11 May 2021

2020 ഒക്ടോബറില്‍ ആദ്യമായി രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടണ്‍ സ്ഥാപിച്ച 5.4 ടണ്‍ ബോംബ് വടക്കു പടിഞ്ഞാറന്‍ പോളണ്ടില്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിനടിയില്‍ പൊട്ടിത്തെറിച്ചിരുന്നു. ഈ ബോംബ് സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തിരിക്കുകയാണ്.

2019 സെപ്റ്റംബറിലായിരുന്നു ജലപാതയെ ആഴത്തിലാക്കാനുള്ള ജോലിക്കിടെ സ്സെസെസിന്‍ തുറമുഖവുമായി ബന്ധിപ്പിച്ചിട്ടുള്ള ജലപാതയില്‍ ടോള്‍ബോയ് എന്നറിയപ്പെടുന്ന ഭൂകമ്പ ബോംബ് ആദ്യമായി കണ്ടെത്തിയത്. 1943 വര്‍ഷത്തില്‍ റോയല്‍ എയര്‍ഫോഴ്‌സ് രൂപകല്‍പ്പന ചെയ്ത ടാല്‍ബോയ് പ്രധാനമായും അന്തര്‍വാഹിനികള്‍, വയഡാക്റ്റുകള്‍, പാലങ്ങള്‍ എന്നിവ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യങ്ങള്‍ക്ക് എതിരെയും വി -1 ക്രൂയിസ് മിസൈലുകള്‍ക്കും വി -2 ബാലിസ്റ്റിക് മിസൈലുകള്‍ക്കുമായുള്ള വിക്ഷേപണ സൈറ്റുകളിലും ഉപയോഗിച്ചിരുന്നു.

ഗ്രാന്‍ഡ്സ്ലാം എന്നറിയപ്പെട്ട ബോംബിനു ശേഷം ബ്രിട്ടീഷ് സൈന്യം യുദ്ധത്തില്‍ ഉപയോഗിച്ച രണ്ടാമത്തെ വലിയ ബോംബാണിത്. ടോള്‍ബോയിയും ഗ്രാന്‍സ്ലാമും കൂടിച്ചേര്‍ന്ന് ഭൂമിയില്‍ ഉണ്ടായ നാശത്തിന് ‘ഭൂകമ്പ ബോംബുകള്‍’ എന്ന പേരിലാണ് പില്‍ക്കാലം അറിയപ്പെട്ടത്.അതിവേഗം വായുവില്‍ ഉയര്‍ന്നു വന്ന വലിയ ജലതരംഗത്തിന്റെ ബാഹ്യചലനം ശാന്തമായ ജലത്തിന്റെ ഉപരിതലത്തെ പെട്ടെന്ന് തടസ്സപ്പെടുത്തുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

പോളിഷ് നാവികസേന അതിന്റെ ബോംബ് നിര്‍വീര്യ വിദഗ്ധരുമായി റിമോട്ട് ഡിഫ്‌ലഗ്രേഷന്‍ ഉപയോഗിച്ച് ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ്‌ പൊട്ടുമ്പോള്‍ ഉള്ള ഊര്‍ജ്ജ പ്രകാശനത്തിന്റെ വേഗത സോണിക് വേഗതയേക്കാള്‍ (ശബ്ദത്തിന്റെ വേഗത) കുറയ്ക്കുന്നതിലൂടെ സ്‌ഫോടനത്തിന്റെ തീവ്രത കുറയ്ക്കുന്ന ഒരു പ്രക്രിയയാണ് ഡിഫ്‌ലഗ്രേഷന്‍. ഇത്തരത്തില്‍ ഒരു ഓപ്പറേഷനായി 750-തിലധികം പേരെ ഒഴിപ്പിച്ചു. അതുകൊണ്ടുതന്നെ സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പോളണ്ടില്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച നാള്‍മുതല്‍(1944 മുതല്‍ 2003) വരെ ആറായിരത്തിലധികം കോടി രൂപ ചെലവാക്കി 96 ദശലക്ഷം സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്തതായി കണക്കാക്കുന്നു.