നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍; സംസ്ഥാന സര്‍ക്കാര്‍ വിലക്ക് വാങ്ങിയ വാക്സീന്‍ ഇന്നെത്തും

single-img
10 May 2021

സംസ്ഥാനത്ത് നാല്പത്തഞ്ച് വയസ്സിന് താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും. സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്ന് എറണാകുളത്തെത്തും. രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. സ്വകാര്യ ആശുപത്രികളിലും വാക്സീന്‍ വിതരണം ഉടൻ തുടങ്ങും. രൂക്ഷമായ വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ശുഭവാര്‍ത്തയുമായാണ് സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്സീന്‍ ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളം വിമാനത്താവളത്തിലെത്തുന്നത്.

സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് എത്തുന്നത്. തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന്  ഈ വാക്സീന്‍ ഉപയോഗിക്കും. ഈ വിഭാഗത്തിലുളള ഗുരുതര രോഗികള്‍ക്കാണ് ആദ്യ പരിഗണന. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ  ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സീന്‍ നല്കും.

വാക്‌സിൻ വിതരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇന്നത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം പൊതു ജനങ്ങള്‍ക്ക് നൽകും. അതേസമയം സ്വകാര്യമേഖലയും വിതരണത്തിന് തയാറെടുക്കുകയാണ്. എറണാകുളത്ത് അപ്പോളോ അഡ് ലക്സ് ആശുപത്രിയില്‍ കുത്തിവയ്പ് തുടങ്ങി. 5000 ഡോസ് വാക്സീന്‍ ലഭിച്ച ഇവിടെ ഇന്നുമുതല്‍ പ്രതിദിനം 150 പേര്‍ക്ക് വീതം കുത്തിവയ്പ് നല്കും.  1250 രൂപയാണ് ഈടാക്കുന്നത്,  മററ് ചില സ്വകാര്യ ആശുപത്രികളിലും ഉടന്‍ വാക്സിനേഷന്‍ തുടങ്ങും