ലോക്ക്ഡൗണില്‍ തെരുവുമൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാതെ അലയരുത്; 60 ലക്ഷം അനുവദിച്ച് ഒഡിഷ സര്‍ക്കാര്‍

single-img
10 May 2021

ഒഡീഷയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിശന്ന് വലയുന്ന തെരുവിലെ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുക അനുവദിച്ച് ഒഡിഷ സര്‍ക്കാര്‍. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായകിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 60 ലക്ഷം രൂപയാണ് മൃഗങ്ങള്‍ക്കായി അനുവദിച്ചത്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരവധി മൃഗങ്ങളാണ് തെരുവില്‍ ഭക്ഷണം കിട്ടാതെ അലയുന്നത്. ഇവയ്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കും. സാമ്പല്‍പുര്‍, റൗക്കേല, ഭുവനേശ്വര്‍, കട്ടക്, ബ്രഹ്‌മപുര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ പ്രതിദിനം 20,000 രൂപ, നഗരസഭകളില്‍ 5000, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ എന്നിങ്ങനെയാവും ഭക്ഷണത്തിനായി ചെലവഴിക്കുക.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒഡിഷയിലെ അഞ്ച് കോര്‍പ്പറേഷനുകള്‍, 48 നഗരസഭകള്‍, 61 നോട്ടിഫൈഡ് ഏരിയ കൗണ്‍സില്‍ എന്നിവിടങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.