കുഴഞ്ഞുവീണു ബോധരഹിതനായ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

single-img
10 May 2021

കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് ബോധരഹിതനായി കിടന്നത് അരമണിക്കൂര്‍. ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷാണ് ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ബോധരഹിതനായി കിടന്നത്. ഉച്ചയോടെ കുളിമുറിയില്‍ പോയ വിഭൂഷ് കുഴഞ്ഞുവീണു. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചെങ്കിലും ഒന്നും ലഭ്യമായില്ല.

തുടര്‍ന്ന്, അയല്‍വാസികളായ ജി. ശ്രീരാഗും ഇ.വി. അരുണും ചേര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇവിടങ്ങളില്‍ പോയി വരവെ പ്രസിഡന്റ് എസ്. ഹംസത്തിനെയും മറ്റ് അംഗങ്ങളെയും കണ്ടതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കയറി ഇവര്‍ വിവരമറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയത്.

ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമായ എം. സുരേഷ് തന്റെ വാനുമായി സ്ഥലത്തെത്തി. വാന്‍ വന്നയുടന്‍ ഡി.വൈ.എഫ്.ഐ. പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറി സന്ദീപ്, വെസ്റ്റ് മേഖല ഖജാന്‍ജി തേജസ് എന്നിവര്‍ പി.പി.ഇ. കിറ്റ് ധരിച്ച് രോഗിയെ എടുത്ത് വാഹനത്തില്‍ കയറ്റി. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ നിന്നുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു വിഭൂഷിന്റെ ഭാര്യ അജന.