പലസ്തീനികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി ദോഹ

single-img
10 May 2021

പലസ്തീനിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണ്‍ സംഭാഷണം നടത്തി.അല്‍ അഖ്‌സ പള്ളിയില്‍ ആരാധനാ കര്‍മങ്ങളിലേര്‍പ്പെട്ടിരുന്ന വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണങ്ങള്‍ സംബന്ധിച്ചും ജറൂസലം നിവാസികളുടെ നിസ്സഹായവസ്ഥയും ശൈഖ് ജര്‍റാഹ് പ്രദേശത്തെ ഇസ്രായേല്‍ നിയന്ത്രണങ്ങളും സംഭാഷണത്തിനിടെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വിശദീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും പലസ്തീന്‍ ജനതയുടെയും പ്രത്യക്ഷമായ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലസ്തീനികളുടെ നിയമപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഖത്തറിന്റെ പൂര്‍ണ പിന്തുണ അമീര്‍ ശൈഖ് തമീം, ഫലസ്തീന്‍ പ്രസിഡന്റിന് ഉറപ്പുനല്‍കി. ഫലസ്തീന്‍ ജനതയുടെ എല്ലാ അവകാശ പോരാട്ടങ്ങള്‍ക്കും നിരുപാധികമായ പിന്തുണ നല്‍കുന്ന ഖത്തറിന്റെ ശ്രമങ്ങളെ മഹ്‌മൂദ് അബ്ബാസ് പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഫലസ്തീനിലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ്മാഈല്‍ ഹനിയ്യയുമായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണ്‍ സംഭാഷണം നടത്തി. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇസ്രായേല്‍ അധിനിവേശ സേനയുടെ അല്‍ അഖ്‌സ പള്ളിയിലെ കടന്നുകയറ്റവും ആരാധനയിലായിരുന്ന വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും ഫോണ്‍ സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്തു.