സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

single-img
10 May 2021

മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാളസിനിമ കണ്ട എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് ഇന്ന് വിടവാങ്ങിയത്. സൂപ്പർ ഹിറ്റുകളായ ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ എന്നിങ്ങിനെ 45ലേറെ സിനിമകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ദീർഘമായ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം.

കരിയറിന്റെ രണ്ടാം ഘട്ടത്തിൽ മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയേലേക്കുയര്‍ന്ന സിനിമകളുടെ തിരക്കഥ നിര്‍വഹിച്ച് മലയാള സിനിമയെ കേരളത്തിനും പുറത്തേക്കുള്ള വലിയ കച്ചവട വിജയങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു. നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം എന്നിങ്ങിനെ ഒട്ടേറെ മെഗാഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്.