ഇപ്പോഴുള്ളത് എമർജൻസി ലോക്ഡൗൺ ; എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

single-img
10 May 2021

കേരളത്തിലെ മൂന്ന് ജില്ലകളിൽ കൊവിഡ് തീവ്ര വ്യാപനം വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണിത്.സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ ടി‌പി‌ആർ 50 ശതമാനത്തിന് മുകളിലാണെന്നും ഇവയിൽ 19 എണ്ണവും എറണാകുളം ജില്ലയിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോഴുള്ളലോക്ഡൗൺ എമർ‌ജൻസി ലോക്ഡൗണാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനമായ തിരുവനന്തപുരത്തും കൊച്ചിയിലുമുള‌ള പോലീസുകാർക്ക് സിഎഫ്‌എൽ‌ടി‌സി സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുത്. പലര്‍ക്കും അത്യാവശ്യ കാര്യങ്ങളുണ്ടാവും. മരണം പോലുള്ള കാര്യങ്ങൾക്ക് അനുമതി നൽകാൻ സംവിധാനമുണ്ട്. ലോക്ഡൗൺ നിയന്ത്രണം ശക്തമായി നടപ്പിലാക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ജനം ക്രിയാത്മകമായി പ്രതികരിക്കുന്നു. ബഹുജനത്തിൽ നിന്ന് വലിയ സഹകരണം കിട്ടുന്നു. പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങാം. ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഇപ്പോള്‍ കേരളത്തിലേക്ക് സംസ്ഥാനം നേരിട്ട് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്‌സിൻ എത്തിയിട്ടുണ്ട്. ഇത് 18നും 45നുമിടയിലുള‌ളവർക്ക് മുൻഗണന പ്രകാരം നൽകും. ഗുരുതര രോഗബാധയുള‌ളവർക്കാണ് പ്രഥമ പരിഗണന. മാധ്യമ പ്രവർത്തകർക്കും ഇതിനൊപ്പം വാക്‌സിൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചാത്തുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് ഉപയോഗിക്കാം. അതിനായിതദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. അതനുസരിച്ച് തദ്ദേശ സ്ഥാപനത്തിന് പണം ചെലവാക്കാം. പൈസ ഇല്ലാത്തത് കൊണ്ട് കാര്യങ്ങൾ ചെയ്യാനാവാത്ത അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.