ഗംഗയിലൂടെയും യമുനയിലൂടെയും മൃതദേഹങ്ങൾ ഒഴുകിവരുന്നു; കോവിഡ് ഭീതിയിൽ യുപിയും ബിഹാറും

single-img
10 May 2021

യുപിയെയും ബിഹാറിനെയും ഭീതിയിലാഴ്ത്തി ഗംഗയിലൂടെയും യമുനയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. ബിഹാറിലെ യുപി അതിർത്തിയോടു ചേർന്ന ബക്സറിൽ നാൽപതിലേറെ മൃതദേഹങ്ങളായിരുന്നു ഇന്ന് ഗംഗയിൽ കണ്ടത്.

ഇവയത്രയും കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണെന്ന ഭയത്തിലാണ് ഗംഗാതീരത്തെ നിവാസികൾ. പതിനഞ്ചോളം മൃതദേഹങ്ങൾ കരയിലെത്തിച്ചതായും പ്രദേശവാസികളുടെ മൃതദേഹങ്ങളല്ലെന്നു കരുതുന്നതായും ബക്സർ ചൗസ ബിഡിഒ അശോക് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

ഒരുപക്ഷെ ഗംഗയിൽ യുപിയുടെ ഭാഗത്തുനിന്നു മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുക്കിവിട്ടെന്നാണു സംശയിക്കുന്നത്. ഒഴുകിയെത്തിയ മൃതദേഹങ്ങൾ പലതും അഴുകിയ നിലയിലാണെങ്കിലും കരയ്ക്കെത്തിച്ചു സംസ്കരിക്കുന്നതായി ജില്ലാ അധികൃതർ അറിയിക്കുന്നു. നിലവിൽ ഗംഗാതീരത്തെ ശ്മശാനങ്ങളിൽ സംസ്കരിക്കാൻ സൗകര്യമുള്ളതിലുമേറെ മൃതദേഹങ്ങളാണ് എത്തുന്നത്.

പല സ്ഥലങ്ങളിലും മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനങ്ങളിൽ വൻതുക ഈടാക്കുന്നതും ഗംഗയിലൊഴുക്കാൻ കാരണമാകുന്നതായി സംശയിക്കുന്നു. യുപിയിലെ ഹാമിർപുർ ജില്ലയിൽ യമുനാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യമാകെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് പാതി ദഹിപ്പിച്ചത് ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന വിവരം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.