ശ്രീജിത്ത് പണിക്കര്‍ സ്ത്രീകളെ അവഗണിച്ചു, നന്മ ചെയ്തതിന് ഇത്തരത്തിലൊരു പ്രതികരണം ആവശ്യമല്ല; പരാതി നല്‍കി രേഖ

single-img
9 May 2021

കൊവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച സംഭവത്തിൽ രാഷ്ട്രീയനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സ്ത്രീകളെ അപമാനിച്ചെന്ന് സന്നദ്ധ പ്രവര്‍ത്തക രേഖ.പി.മോള്‍. സ്ത്രീജനങ്ങളെ മുഴുവന്‍ അപമാനിച്ചതിന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രേഖ. പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയായ രേഖയും അശ്വിന്‍ കുഞ്ഞുമോനും ചേര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ബൈക്കില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചത് വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ച് ശ്രീജിത്ത പണിക്കര്‍ ഇട്ട പോസ്റ്റിനെതിരെയാണ് പുന്നപ്ര പോലീസില്‍ രേഖ പരാതി നല്‍കിയത്.

‘ സ്ത്രീജനങ്ങളെ പരിഹസിച്ചു. രോഗിയെ സംരക്ഷിക്കണം എന്ന ഉറച്ച തീരുമാനമാണ് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. ആ സംഭവത്തെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ പറഞ്ഞത് ഉള്‍ക്കൊള്ളാനാകുന്നില്ല. കേരളത്തെ ഇന്ന് താങ്ങി നിര്‍ത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കര്‍ നടത്തിയത്.’രേഖ ഇവാര്‍ത്തയോട് പറഞ്ഞു.

ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഡിവൈഎഫ്‌ഐ അംഗങ്ങളായ അശ്വിന്‍ കുഞ്ഞുമോനും രേഖയും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സില്‍ വിവരമറിയിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ പത്തുമിനുട്ട് താമസിക്കുമെന്നതിനാല്‍ രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചു. ആ നിമിഷം ആംബുലന്‍സിനായി കാത്തിരുന്നുവെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകും എന്ന് കരുതിയാണ് ബൈക്കില്‍ ആശുപത്രിയിലെത്തിയത്. അതിനിടെയാണ് ശ്രീജിത്ത് പണിക്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വരുന്നത്.

‘ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക. വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം.ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും’,

ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്.ഡോ.പ്രേംകുമാര്‍, രശ്മിത രാമചന്ദ്രന്‍ എന്നിവര്‍ ഇതിനകം ശ്രീജിത്തിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കില്ലായെന്ന് നിലപാട് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.