കുറ്റ്യാടിയില്‍ നിന്നും മോഷണം പോയ ബസുമായി പേരാമ്പ്ര സ്വദേശി കോട്ടയത്ത് പിടിയില്‍

single-img
9 May 2021

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് കോട്ടയത്ത് പിടിയില്‍. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസ്സുമായി ഇന്ന് കുമരകം പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടു കൂടിയാണ് കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സ് യുവാവ് മോഷ്ടിച്ചത്. നേരം പുലരുമ്പോഴേക്കും കോട്ടയം കുമരകത്ത് എത്തിയിരുന്നു. രാവിലെ കുമരകം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയായ കവനാട്ടിന് കരയിലെ പൊലീസ് ചെക്ക് പോയിന്റിലെ പരിശോധനയിലാണ് ബിനൂപ് കുടുങ്ങിയത്.

ലോക്ഡൌണ്‍ ദിവസം മതിയായ അനുമതിയും രേഖകളും ഒന്നും ഇല്ലാതെ നിരത്തില്‍ കണ്ട സ്വകാര്യ ബസ്സില്‍ സംശയം തോന്നിയത്തോടെയാണ് ബിനൂപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി ബസ് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. പ്രതി പിടിയുലാവുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ബസ് മോഷണം പോയ വിവരം ഉടമയും അറിയുന്നത്. ഉടന്‍ തന്നെ കുറ്റ്യാടി പോലീസിന് ഉടമ പരാതി നല്‍കിയിരുന്നു. പ്രതിയെ കുറ്റ്യാടി പോലീസിന് കൈമാറി.