വൈറസിനെക്കാള്‍ വിമര്‍ശകരെ തടയാന്‍ ശ്രമിക്കുന്നു; മോദി സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ദ് ലാൻസെറ്റ്

single-img
8 May 2021

അന്താരാഷ്‌ട്ര മെഡിക്കല്‍ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ജേണലുകളില്‍ ഒന്നായ ബ്രിട്ടനിൽ നിന്നുള്ള ദ് ലാൻസെറ്റ് നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്. മാഗസിന്‍ ഈ മാസം എട്ടിന് വെബ്‍സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തിലാണ് ‘ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൊവിഡ് അടിയന്തരാവസ്ഥ’യെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചത്.

ആഴ്‍ച്ചയില്‍ ഒരിക്കല്‍ പ്രസിദ്ധപ്പെടുത്തുന്ന ലാന്‍സെറ്റ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബെയ്‍ജിങ് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ പ്രസാധനം ചെയ്യുന്നത്. രാഷ്ട്രീയപരമായ വിഷയങ്ങളില്‍ വളരെ അപൂര്‍വമായി ഇടപെടുന്ന ലാന്‍സെറ്റ്, 2020ല്‍ ഡോണള്‍ഡ് ട്രംപിനെ വീണ്ടും അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കരുതെന്ന് എഡിറ്റോറിയലില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തെറ്റുസമ്മതിച്ച് ഉടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ലാൻസെറ്റ് ലേഖനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മോദി നയിക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നത് വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുള്ള നടപടികളാണെന്നും വൈറസിന് എതിരെയുള്ള പോരാട്ടമല്ലെന്നുമുള്ള വിമര്‍ശനവും ലാൻസെറ്റ് നടത്തിയിട്ടുണ്ട്. ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ദ്ധനെയും പേരെടുത്ത് തന്നെ പരാമര്‍ശിച്ചിട്ടുമുണ്ട്.

രോഗവ്യാപനം സൂപ്പര്‍സ്പ്രെഡറുകള്‍ ആകാന്‍ സാധ്യതയുള്ള രാജ്യത്തെ വിവിധ ഉത്സവങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ച് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മതപരിപാടികള്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വാക്സിന്‍ പദ്ധതി പൂര്‍ണ്ണമായി പരാജയപ്പെടുകയുംസംസ്ഥാനങ്ങളോട് സംസാരിക്കാതെ പദ്ധതി മാറ്റുകയും ചെയ്തു. ഇതിലൂടെ വാക്സിന്‍ വിതരണം തടസ്സപ്പെടാനും വലിയ ആശയക്കുഴപ്പത്തിനും കാരണമായി – ലാന്‍സെറ്റ് പറയുന്നു.

അടിയന്തിരമായി രണ്ട് മാറ്റമാണ് ഇന്ത്യ പ്രാബല്യത്തിലാക്കേണ്ടതെന്ന് ലാൻസെറ്റ് പറയുന്നു. ഇതില്‍ ആദ്യം തന്നെ ഇപ്പോഴത്തെ വാക്സിന്‍ വിതരണ പദ്ധതി നിര്‍ത്തുകയും അത് വേഗത്തിലാക്കാന്‍ വേണ്ട നടപടിയെടുക്കുകയും ചെയ്യണം. ഇതിലേക്ക് വിവിധ പ്രാദേശിക ഭരണകൂടങ്ങളെയും, പ്രൈമറി ആരോഗ്യകേന്ദ്രങ്ങളെയും കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കണം. രണ്ടാമത്തെ കാര്യം കൊവിഡ്-19 വ്യാപനം പരമാവധി കുറയ്ക്കണം. ഒരിക്കല്‍ കൂടി ലോക്ക് ഡൗൺ കൂടെ വേണമെങ്കില്‍ സര്‍ക്കാരിന് പരിഗണിക്കാവുന്നതേയുള്ളൂവെന്നും ലേഖനം പറയുന്നു.