ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റായ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ല; തീരുമാനവുമായി രശ്മിത രാമചന്ദ്രന്‍

single-img
8 May 2021

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ഡി വൈ എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രന്‍.

ഇനിമുതൽ ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റ് ആയ ഒരു ചാനല്‍ ചര്‍ച്ചയിലും താൻ പങ്കെടുക്കില്ലെന്നാണ് രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ വിഷയത്തിൽ സമാന പ്രതികരണവുമായി നേരത്തേ ഇടതു നിരീക്ഷകരായ റെജി ലൂക്കോസും ഡോ പ്രേം കുമാറും എത്തിയിരുന്നു.

ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിധ്യമായ പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍ എന്‍, ആര്‍ രാമകുമാര്‍, അഭിലാഷ് എംആര്‍ എന്നിവരും ഇതേ നിലപാട് സ്വീകരിക്കണമെന്നും രശ്മിത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

‘കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് റേപിസ്റ്റ് ജോക്ക് നടത്തിയ ശ്രീജിത്ത് പണിക്കര്‍ മാപ്പുപറയുന്നതുവരെ അദ്ദേഹം പാനലിസ്റ്റായുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. എന്റെ സുഹൃത്തുക്കളായ പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍ എന്‍, ആര്‍. രാമകുമാര്‍, അഭിലാഷ് എം.ആര്‍ എന്നിവരെയും ഇതേ തീരുമാനം എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കിൽ എഴുതി.