കരിപ്പൂര്‍ വിമാനാപകടം; അപകട കാരണം വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

single-img
8 May 2021

കരിപ്പൂര്‍ വിമാനാപകടം നടന്ന് ഒന്‍പത് മാസം പിന്നിട്ടിട്ടും അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ഇരുപത്തിയൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. വിമാനക്കമ്പനിയായ ബോയിംഗില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നുവെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് അപകടമുണ്ടായത്. ക്യാപ്റ്റനും കോ പൈലറ്റുമുള്‍പ്പെടെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അപകടകാരണം അന്വേഷിക്കാന്‍ ഓഗസ്റ്റ് 13 ന് നിയോഗിച്ച അന്വേഷണ സംഘത്തിന് രണ്ട് തവണയാണ് കാലാവധി നീട്ടിനല്‍കിയത്. ജനുവരി 13 വരെയാണ് ആദ്യം അന്വേഷണത്തിനായി അനുവദിച്ചത്. പിന്നീട് ഇത് മാര്‍ച്ച് 13 വരെയാക്കി നീട്ടി നല്‍കി. കൊവിഡ് സാഹചര്യത്തില്‍ വിമാനകമ്പനിയായ ബോയിംഗില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നുവെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിശദീകരണം.