ലോക്ക്ഡൗണില്‍ കുടുങ്ങിയാല്‍ പേടിക്കണ്ട, അടിയന്തരസേവനങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിനെ വിളിക്കാം; സഹായിക്കാന്‍ സന്നദ്ധമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി

single-img
8 May 2021

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തിര സാഹചര്യങ്ങള്‍ക്കും ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി അറിയിച്ചു.സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയര്‍ ഫോഴ്‌സ് മേധാവി അറിയിച്ചു. ലോക്ഡൗണില്‍ അവശ്യമരുന്നുകള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് 112ല്‍ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളില്‍ മരുന്ന് എത്തിക്കും. ?ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗണ്‍ നിലവില്‍ വന്നിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും.

പാഴ്‌സല്‍ നല്‍കാനായി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. അടിയന്തിരഘട്ടങ്ങളില്‍ മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ.