ഇത് അര്‍സാന്‍ നഗ്വാസ്വല്ല: ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചിതനല്ലാത്ത ഇന്ത്യയുടെ അടുത്ത സഹീര്‍ ഖാന്‍

single-img
8 May 2021

സതാംട്ടനില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഇടം നേടിയ യുവതാരമാണ് അര്‍സാന്‍ നഗ്വാസ്വല്ല. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയാത്ത ഈ താരം ടീമിലെ സ്റ്റാന്‍ഡ്‌ബൈ ബൗളര്‍മാരില്‍ ഒരാളായാണ് വന്നിട്ടുള്ളത്. ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലില്‍ ഇനിയും കളിച്ചിട്ടില്ലാത്ത അര്‍സാന് ഇന്ത്യന്‍ ടീമിലെത്താന്‍ മാത്രം മികവുണ്ടോ എന്നത് അറിയാന്‍ ഇതുവരെയുള്ള ആഭ്യന്തര കരിയര്‍ മാത്രം നോക്കിയാല്‍ മതി.

ഗുജറാത്തിലെ ചെറിയ ഗ്രാമമായ നാര്‍ഗോളില്‍ നിന്നും വരുന്ന അര്സാന്‍. ഗുജറാത്തിനായി അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളില്ലാം അര്‍സാന്‍ കളിച്ചിട്ടുണ്ട്. ദീര്‍ഘമായ 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലെത്തിയ പാഴ്‌സി വംശജന്‍ കൂടിയാണ് അദ്ദേഹം എന്ന പ്രത്യേകതയും ഉണ്ട്. സംസ്ഥാനത്തെ വല്‍സാദ് ജില്ലയുടെ അഭിമാനതാരമാണ് അദ്ദേഹം.

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനമാണ് ഇടംകൈയന്‍ പേസര്‍ കൂടിയായ അര്‍സാന് ദേശീയ ടീമിലേക്ക് ഇപ്പോള്‍ വഴിതുറന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഇടംകൈയന്‍ പേസര്‍ സഹീര്‍ ഖാന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അര്‍സാന്‍. സഹീര്‍ സ്വീകരിച്ച അതേ ബൗളിങ് ആക്ഷന്‍ തന്നെയാണ് അര്‍സാനും കരിയറില്‍ പിന്തുടരുന്നത്.

2018ലെ രഞ്ജി ട്രോഫിയിലായിരുന്നു ഉജ്ജ്വല ബൗളിങുമായി അര്‍സാന്‍ തന്റെ വരവറിയിച്ചത്. ആ
സീസണില്‍ മുംബൈയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ 23.3 ഓവവറില്‍ 78 റണ്‍സിന് ഇയാള്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി.തുടര്‍ന്ന് 2019-20ലെ രഞ്ജിയില്‍ അര്‍സാന്‍ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടും, ഒരു പത്ത് വിക്കറ്റ് നേട്ടവുമടക്കം (പഞ്ചാബിനെതിരേ) 41 വിക്കറ്റുകളാണ്സ്വന്തമാക്കിയത്.

വൈറസ് വ്യാപനതാല്‍ കഴിഞ്ഞ സീസണില്‍ രഞ്ജി നടന്നില്ലെങ്കിലും വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ 23 കാരന്‍ മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. ഇതില്‍ ഛത്തീസ്ഗഡിനെതിരായ ആറു വിക്കറ്റ് നേട്ടമുള്‍പ്പെടെ 19 വിക്കറ്റുകള്‍ വിജയ് ഹസാരെ ട്രോഫിയില്‍ അര്‍സാന്‍ സ്വന്തമാക്കി. ഇതുവഴി സ്വന്തം ടീമായ ഗുജറാത്തിനെ സെമിയിലെത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. അര്സാന്‍ ഈ സീസണിലെ ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല.