ജംബോ കമ്മിറ്റികൾ ഇല്ലാതാവും; കെപിസിസിയിൽ സമ്പൂർണ പുനസംഘടന വരുന്നു

single-img
7 May 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോൽവിയുടെ പശ്ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിൽ ധാരണ. നിലവിലെ ജംബോ കമ്മിറ്റികൾ ഇല്ലാതാക്കിയാവും സംഘടനയുടെ അടിത്തട്ടുമുതലുള്ള പുനസംഘടന.

തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം നേതാക്കൾ കൂട്ടത്തോടെ ഏറ്റെടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതൃത്വം മാറണമെന്ന ആവശ്യവും ശക്തമായി തന്നെ ഉയർന്നു. സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണിനുശേഷം ആരംഭിക്കുന്ന രണ്ടുദിവസം നീണ്ടുനിൽക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ പുനസംഘടനയ്ക്ക് മാർഗരേഖ തയാറാക്കും.

ഒരു ഉയര്‍തെഴുന്നെല്‍പ്പിനായി അടിമുടി മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വളരെ തിരക്കുകൂട്ടാതെ സമയമെടുത്ത് പുനസംഘടന നടത്താനാണ് നേതൃതലത്തിലെ ധാരണ. ഇതിനാവശ്യമായ വിശദമായ മാർഗരേഖ തയാറാക്കും. തെരഞ്ഞെടുപ്പില്‍ നേരിട്ട തോൽവിയെ കുറിച്ച് മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരോടും ഡിസിസി പ്രസിഡന്റുമാരോടും വിശദമായ റിപോർട്ട് തേടി.