പാര്‍വതിയെ പോലുള്ളവര്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് വരണം: ഹരീഷ് പേരടി

single-img
7 May 2021

കേരളത്തിൽ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. ഇനി സാംസ്‌കാരിക വകുപ്പ് നല്ല കൈകളില്‍ കൊടുക്കണമെന്നും ഏത് സര്‍ക്കാര്‍ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച് ദൂരെ കളയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

നാടക് എന്ന സംഘടന ഉണ്ടാക്കാനായി ജീവിതം പണയം വെച്ച് പ്രവര്‍ത്തിച്ച ഷൈലജയെ പോലുള്ളവര്‍ നാടക അക്കാദമിയുടെ തലപ്പത്തും സിനിമയിലുള്ള പുഴു കുത്തുകള്‍ക്ക് നേരെ ഉറക്കെ ശബ്ദിച്ച പാര്‍വതിയെ പോലുള്ളവര്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ മാത്രമല്ല..പുരോഗമന കേരളം മുഴുവനുമാണെന്ന് ഹരീഷ് പേരടിപറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

സഖാവേ എനിക്ക് ഇപ്പോഴും നിങ്ങളിൽ നല്ല പ്രതീക്ഷയുണ്ട്…സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം..പ്രത്യേകിച്ചും സംഗീത നാടക അക്കാദമിയിലെക്കൊക്കെ യുവത്വത്തെ കാര്യമായി പരിഗണിക്കണം…നാടകം നട്ടെല്ലാണന്ന് തെളിയിച്ച പെൺകുട്ടികളും ആൺകുട്ടികളും പുതുതലമുറയിൽ ധാരളമുണ്ട്…നാടകം നാടിൻ്റെ അകമാണ്..നാടകം സജീവമാക്കിയ ജീവിതമാക്കിയവർ അവിടെയിരിക്കുമ്പോൾ നാടിൻ്റെ പ്രതിഛായക്ക് തന്നെ തിളക്കം കൂടും.

അതുപോലെ ഏത് സർക്കാർ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച് ദൂരെ കളയണം…പറ്റുമെങ്കിൽ K.റെയിൽ ഉണ്ടാക്കുന്നതു പോലെ ഒരു പ്രത്യേക നാടക അക്കാദമി തന്നെ നാടകക്കാർക്ക് അനുവദിച്ച് കൊടുക്കണം…നാടക് എന്ന സംഘടനയെ ഉണ്ടാക്കാൻ ജീവിതം പണയം വെച്ച് പ്രവർത്തിച്ച ഷൈലജയെ പോലുള്ളവർ നാടക അക്കാദമിയുടെ തലപ്പത്തും സിനിമയിലെ പുഴു കുത്തുകൾക്ക് നേരെ ഉറക്കെ ശബ്ദിച്ച പാർവതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമല്ല..പുരോഗമന കേരളം മുഴുവനുമാണ്