അധികാരമേറ്റ പിന്നാലെ തമിഴ്നാട്ടില്‍ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ

single-img
7 May 2021

സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് രാവിലെ തമിഴ്‍നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുടമകൾക്കും 4,000 രൂപയുടെ കോവിഡ് ആശ്വാസ പദ്ധതി, കോവിഡ് ചികിത്സ പൂര്‍ണമായും സർക്കാർ ഏറ്റെടുക്കും, പാൽവിലയിൽ കുറവ് , സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര, എന്നിവ അനുവദിച്ചു.

ഇവയെല്ലാം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ആയിരുന്നു. ഡിഎംകെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മന്ത്രിസഭാ യോഗത്തിലാണ് വളരെ നിര്‍ണായകമായ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായത്.

ഇതോടൊപ്പം സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ ബന്ധപ്പെട്ടുള്ള കോവിഡിന്റെ എല്ലാ ചികിത്സാച്ചിലവും സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സാ സഹായം സൗജന്യമാക്കിയുള്ള മന്ത്രിസഭാ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ തൊഴിൽരംഗങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസം നടത്തുന്ന പെൺകുട്ടികൾക്കുമാണ് ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിരിക്കുന്നത്.

സഹകരണ ക്ഷീരോൽപാദകരായ ആവിന്റെ പാൽവില ലിറ്ററിന് മൂന്നു രൂപയാണ് കുറച്ചിരിക്കുന്നത് .ഈ മാസം 16 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.സര്‍ക്കാര്‍ 1,200 കോടി രൂപ ഇതിലേക്കായി വകയിരുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ തങ്ങള്‍ക്ക് സമർപ്പിച്ച പരാതികൾ 100 ദിവസത്തിനകം പരിഹരിക്കാനും ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട് .