നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല

single-img
7 May 2021

കേരളത്തില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് ദര്‍ശനത്തിനും അനുവാദമില്ല. കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിരുന്നു. രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബേക്കറികള്‍ക്കും ഈ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും. അന്തര്‍ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്‍, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവയെയൊക്കെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകള്‍, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.