ഒരു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

single-img
7 May 2021

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടില്‍നിന്നും ഇന്നലെ രാത്രിയാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരു കോടി രൂപ സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീകുമാര്‍ മേനോന്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ലെന്നും പല തവണ ബന്ധപ്പെട്ടിട്ടും പലവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും പരാതിയില്‍ പറയുന്നു.  

മുന്‍കൂര്‍ ജാമ്യത്തിന് ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ പോലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

നിരവധി പരസ്യ ചിത്രങ്ങൾക്ക് പുറമെ മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ എന്ന ചിത്രത്തിന്റെയും സംവിധായകനാണ് ശ്രീകുമാർ മേനോൻ. നേരത്തേ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ 2019 ൽ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്‍റെ പരാതി.