അപരനോടുള്ള സ്‌നേഹം മറ്റെന്തിനെക്കാള്‍ മഹത്തരമാണ്, കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചവരെ അഭിനന്ദിച്ച് എഎ റഹിം

single-img
7 May 2021

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിന്‍ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

ഗുരുതരാവസ്ഥയിലുള്ള രോഗിയെ പുന്നപ്രയിലെ ഡൊമിസിലറി കേയര്‍ സെന്ററില്‍ നിന്നുമാണ് അശ്വിന്‍ കുഞ്ഞുമോനും രേഖയുംചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും രോഗിക്ക് ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടിയായ അശ്വിനും രേഖയും രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്.രോഗിയുടെ അവസ്ഥ കണ്ടപ്പോള്‍ ആംബുലന്‍സ് വരുന്നത്ര സമയം കാത്തു നിലക്കാനാകില്ല പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു മനസിലുണ്ടായതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

എ എ റഹീം-ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപമിങ്ങനെ

അശ്വിന്‍ കുഞ്ഞുമോന്‍,രേഖാ നിങ്ങള്‍ അഭിമാനമാണ്,മാതൃകയാണ്.
ഇന്ന് രാവിലെമുതല്‍ വൈറലായ ചിത്രത്തിലെ രണ്ടുപേര്‍.ഇരുവരും ഡിവൈഎഫ്‌ഐ സഖാക്കള്‍.
അല്‍പം മുന്‍പ് അവരോട് വീഡിയോ കോളില്‍ സംസാരിച്ചു,അഭിവാദ്യങ്ങള്‍ നേര്‍ന്നു.
Domiciliary care centre ല്‍ പതിവ്‌പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും.അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അല്‍പം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലന്‍സ് എത്താന്‍ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനില്‍ക്കാതെ ബൈക്കില്‍ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.
റോഡപകടത്തില്‍പെട്ട് പിടയുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മടികാണിക്കുന്ന ആളുകളെ നമ്മള്‍ കാണാറുണ്ട്.യഥാസമയം ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങള്‍ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്.നന്മയുടെ ഒരു കൈ നീണ്ടാല്‍ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങള്‍…..
നന്മകള്‍ക്ക് നിറം മങ്ങിയിട്ടില്ലെന്നു
കാട്ടിത്തരികയാണ് ഇവര്‍ രണ്ടുപേര്‍.
അപരനോടുള്ള സ്‌നേഹം,കരുതല്‍ മറ്റെന്തിനേക്കാളും മഹത്തരമാണ്.
അനേകം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്.അവര്‍ക്കെല്ലാവര്‍ക്കും അശ്വിനും രേഖയും കൂടുതല്‍ ആവേശം പകരുന്നു.
അശ്വിന്‍ കുഞ്ഞുമോന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും,രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.
രണ്ടുപേരും സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധം വോളന്റിയര്‍ സേനയില്‍ അംഗങ്ങളാണ്.
ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍…