വി മുരളീധരനെതിരായ അക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും: കെ സുരേന്ദ്രന്‍

single-img
6 May 2021

പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളിധരനെതിരേ നടന്ന അക്രമം പ്രതിഷേധാര്‍ഹമെന്ന് ബിജെപി സംസ്ഥാന അധ്യഷന്‍ കെ സുരേന്ദ്രന്‍. ഈ രീതിയിലുള്ള അക്രമം ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയാണ് നടക്കുന്നത്. ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ലെന്നും നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭീകരാക്രമണങ്ങളെ പോലും വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും മമത ബാനര്‍ജി തകര്‍ത്തു കഴിഞ്ഞു. ജനവിധി എന്ന് പറയുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസന്‍സാണെന്ന് മമത കണക്കാക്കരുത്.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ശേഷം ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് ബംഗാളില്‍ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുതെന്നും തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തല ചൊറിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.