രണ്ടാം ഇടതുസര്‍ക്കാര്‍ മെയ് 20ന് സത്യപ്രതിജ്ഞ ചെയ്യും

single-img
6 May 2021

കേരളത്തിൽ രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ലേക്ക് നീട്ടി. നേരത്തെ എടുത്ത മെയ് 18ന് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനം ഇന്ന് നടന്ന സി പി എം – സി പി ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് മാറ്റിയത്. ആദ്യം തീരുമാനം കൈക്കൊണ്ടത് സി പി എം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗത്തിലായിരുന്നു.

ഈ മാസം 17ന് കേരളത്തിൽ എല്‍ ഡി എഫ് യോഗം ചേരുന്നുണ്ട്. പിറ്റേ ദിവസമായ മെയ് 18ന് തന്നെ സത്യപ്രതിജ്ഞ നടത്തേണ്ടെന്ന് ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സി പി ഐ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സി പി എമ്മില്‍ ധാരണയായി.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാജ്ഭവനില്‍ ലളിതമായിട്ടാവും നടത്തുക. പങ്കെടുക്കുന്ന മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലും ചര്‍ച്ചകള്‍ തുടരുകയാണ്.