സ്പുട്‌നിക് വാക്സിന്റെ പുതിയ ഒറ്റഡോസ് വകഭേദത്തിന് അനുമതി നല്‍കി റഷ്യ; ഫലപ്രാപ്തി 79.4 ശതമാനം

single-img
6 May 2021

റഷ്യ സ്വന്തമായി വികസിപ്പിച്ച കോവിഡ് വൈറസ് പ്രതിരോധ വാക്‌സിനായ ‘സ്പുട്‌നിക് വി’ യുടെ ഒറ്റഡോസ് വകഭേദത്തിന് ആ രാജ്യം അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്ന് പേര് നൽകിയിട്ടുള്ള ഈ പുതിയ ഒറ്റഡോസ് വാക്‌സിൻ നേരത്തെ സ്പുട്‌നിക് വി രണ്ടു ഡോസ് നല്‍കേണ്ടി വരുന്ന സ്ഥാനത്താണ് ഉപയോഗിക്കുന്നത് .

പരീക്ഷണങ്ങളിൽ നിന്നും വ്യക്തമായ 91.6 ശതമാനം വരെ വൈറസിനെതിരെ ഫലപ്രാപ്തിയുള്ള സ്പുട്നിക്കിനെ അപേക്ഷിച്ച് സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് ഈ വാക്സിന്‍ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

റഷ്യയില്‍ കഴിഞ്ഞ വര്‍ഷംഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്സിനേഷനില്‍ സ്പുട്നിക് ലൈറ്റ് നല്‍കിയിരുന്നു. അതേസമയം, ഇതുവരെ റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്‍ 60 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.