രാഷ്ട്രീയം എന്നത് ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്: കെഎം ഷാജി

single-img
6 May 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നേരിട്ട പരാജയത്തില്‍ പ്രതികരണവുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മുസ്‍ലിം ലീഗ് നേതാവുമായ കെ എം ഷാജി. രാഷ്ട്രീയം എന്നത് ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്നും സ്വയം വിമർശനങ്ങൾക്കും തിരുത്തലുകൾക്കും കൂടുതൽ കരുത്തോടെയുള്ള തിരിച്ച്‌ വരവിനും ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാമെന്നും കെ എം ഷാജി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ആദ്യമായി ഒരു സർക്കാരിന് തുടർഭരണം നൽകിയതിന്റെ കാരണങ്ങളും ഇരുപക്ഷവും പഠന വിധേയമാക്കുന്നത്‌ നല്ലതാവുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാജി പ്രതികരിക്കുന്നു. പൊതു ജീവിതത്തിൽ ജനപ്രതിനിധി ആയതിനേക്കാൾ ഏറെ കാലം പാർട്ടി പ്രവർത്തകനായിട്ടായിരുന്നു നിലനിന്നതെന്നും ഇനിയും അങ്ങനെ മുന്നോട്ട്‌ പോകുന്നത്‌ സന്തോഷമുള്ള കാര്യമാണേന്നും കെ എം ഷാജി പറയുന്നു.

കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അഴീക്കോടിലെ ജനങ്ങൾക്ക്‌ നന്ദി!! കൂടെ നിന്ന് രാപകലില്ലാതെ അദ്ധ്വാനിച്ച യു ഡി എഫിന്റെ പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി!! എന്റെ തെരഞ്ഞെടുപ്പ്‌ ജയത്തിനായി മനസ്സറിഞ്ഞ്‌ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്ത സഹോദരീ സഹോദരങ്ങൾക്കും നന്ദി!!

2011 ൽ ആയിരുന്നു നിങ്ങൾ എന്നെ ആദ്യമായി തെരഞ്ഞെടുത്ത്‌ നിയമസഭയിലേക്ക്‌ അയച്ചത്‌. ‌നീണ്ട 10 വർഷം നിങ്ങളുടെ പ്രതിനിധിയായി സഭയിലിരിക്കാൻ അവസരം ലഭിച്ചു. ഈ കാലയളവിൽ അഴീക്കോട്‌ മണ്ഢലത്തിൽ നടത്തിയ വികസന മാറ്റങ്ങൾ പരിശോധിച്ചാൽ എന്റെ കടമ നിർവ്വഹിക്കനായിട്ടുണ്ടോ എന്ന് വ്യക്തമാവും.

ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്‌. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമർശനങ്ങൾക്ക്‌, തിരുത്തലുകൾക്ക്‌ , കൂടുതൽ കരുത്തോടെയുള്ള തിരിച്ച്‌ വരവിനു.

അങ്ങനെ ഒരു പാട്‌ കാര്യങ്ങൾക്ക്‌!! ഇനിയെന്ത്‌ എന്ന ചോദ്യവുമായി സ്നേഹ ജനങ്ങൾ വിളിച്ചു കൊണ്ടിരിക്കുന്നു. അവരുടെ സങ്കടങ്ങളും ആശങ്കകളും പങ്കു വെക്കുന്നു. അതിനേക്കാൾ ഏറെ വലിയ നേട്ടം ഈ പൊതുപ്രവർത്തന കാലത്ത്‌ മറ്റൊന്നുണ്ടോ!! നിങ്ങൾ ഏൽപ്പിച്ച ഉത്തരവാധിത്തം പരമാവധി നേരാം വണ്ണം നിർവ്വഹിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌ . ജനങ്ങൾ തെരഞ്ഞെടുത്ത്‌ അയക്കുന്ന ഇടങ്ങളെ സക്രിയമാക്കലാണു ഒരു യഥാർത്ഥ ജനപ്രതിനിധിയുടെ ബാധ്യത. ആ കടമ നിർവ്വഹിക്കുമ്പോൾ ഒരു നല്ല പ്രതിപക്ഷമാവാൻ ശ്രമിച്ചിട്ടുണ്ട്‌. അത്‌ നമ്മുടെ നാടിനു വേണ്ടിയും ജനങ്ങൾക്ക്‌ വേണ്ടിയുമായിരുന്നു.

ഭാഷയിലും ശബ്ദത്തിലും മൂർച്ച കൂടിയത്‌ അങ്ങനെ ഒരു ശൈലി ഉള്ളിൽ കയറിക്കൂടിയതിനാലാണ്‌. ഒന്നും വ്യക്തിപരമായിട്ടായിരുന്നില്ല. ആരെങ്കിലും അതേ ശൈലിയിൽ തിരിച്ചടിച്ചാൽ അതും വ്യക്തിപരമായി എടുക്കാറില്ല. നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഭരണാധികൾക്ക്‌ മുമ്പിൽ അവതരിപ്പിക്കുന്നത്‌ രാഷ്ട്രീയത്തിന്റെ പ്രഥമ കർത്തവ്യമാണല്ലോ; അത്‌ ഇനിയും തുടരും.

ഒരു ജനാധിപത്യ ഗവൺമന്റ്‌ എന്ന നിലക്ക്‌ പുതിയ സർക്കാർ അവ മുഖവിലക്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജനങ്ങൾ ആദ്യമായി ഒരു സർക്കാരിനു തുടർഭരണം നൽകിയിരിക്കുന്നു. അതിന്റെ കാരണങ്ങളും ഇരുപക്ഷവും പഠന വിധേയമാക്കുന്നത്‌ നല്ലതാവും. പുതിയ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തങ്ങൾക്കെല്ലാം പൂർണ പിന്തുണയുണ്ടാവും.

ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക്‌ സംഘടനാ പരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത്‌ പ്രവർത്തിക്കാൻ കൂടുതൽ സമയം ലഭിക്കും. പൊതു ജീവിതത്തിൽ ജനപ്രതിനിധി ആയതിനേക്കാൾ ഏറെ കാലം പാർട്ടി പ്രവർത്തകനായിട്ടാണു നിലനിന്നിട്ടുള്ളത്‌. ഇനിയും അങ്ങനെ മുന്നോട്ട്‌ പോകുന്നത്‌ സന്തോഷമുള്ള കാര്യമാണ്‌.

എപ്പോഴും പറയാറുള്ളത് പോലെ ജയം കൊണ്ട് എല്ലാം നേടുകയോ തോൽവി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ലല്ലോ!! എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും നമ്മളൊരുമിച്ച് തന്നെ ഉണ്ടാകും ഇനിയും!! നന്ദി!!! പത്തുവർഷം ഹൃദയത്തോടു ചേർത്തു നിർത്തി സ്നേഹിച്ച, ഇപ്പോൾ ആശ്വാസ വാക്കുകൾ കൊണ്ട്‌ കൂടെ നിൽക്കുന്ന, എല്ലാ അഴീക്കോട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി!!